2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

സിനിമാനിരൂപണം



   
    കാലത്തിനും കല്പനയ്ക്കും അതിരിടുമ്പോള്‍
                                                                  കല്യാണി രാജു (10 A)


എല്ലായ്പ്പോഴും മനുഷ്യന്‍ നേടിയെടുക്കാന്‍ കഴിയാതെ തലകുനിച്ചിട്ടുള്ളതു് ഒരുപക്ഷേ സ്വയം നിയന്ത്രിക്കാനാവാത്ത വികാരങ്ങളുടെ മുന്നിലായിരിക്കണം. ഏതൊരു കലയും ജനം സ്വീകരിക്കുന്നതും അതു് തങ്ങളെ കീഴ്പ്പെടുത്തി എന്നൊരു ബോധം ഉള്ളില്‍ ജനിക്കുമ്പോഴാണു്. അത്തരത്തില്‍ ഏതൊരു മനുഷ്യനെയും തോല്‍പ്പിച്ചു് അവന്റെ ഹഋദയത്തില്‍ ഇടം നേടാന്‍ പക്വമായ ഒരു ചലച്ചിത്രമാണു് ഇറാനിയന്‍ സംവിധായകനായ ബഹുമന്‍ കബാടിയുടെ 'ടര്‍ട്ടില്‍സ് ക്യാന്‍ ഫ്ലൈ' എന്ന നയനവിസ്മയം. ഒരു സമൂഹത്തോടു് നിര്‍വഹിക്കുന്ന കടമ എന്നതിനെക്കാളേറെ മാനസികമായ ഒരു പരിവര്‍ത്തനത്തിനു് ഈ ചിത്രം വഴിയൊരുക്കുന്നു.

കഥ നടക്കുന്നതു് 2003ലെ ഇറാഖിലെ യു.എസ്.അധിനിവേശത്തിനു് തൊട്ടുമുമ്പുള്ള പശ്ചാത്തലത്തിലാണു്. ഒരു യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത ഒരു നേര്‍ത്ത മറയാല്‍ മൂടിക്കൊണ്ടാണു് കഥ മുന്നോട്ടു പോകുന്നതു്. മുതിര്‍ന്നവര്‍ ഇതില്‍ കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും ഭാവിയിലേക്കു് ഒരു ചൂണ്ടു വിരലെന്ന പോലെ അങ്ങോളമിങ്ങോളം കുട്ടികളാണുള്ളതു്. ഇതിലെ കേന്ദ്രകഥാപാത്രങ്ങളെന്നുവിശേഷിപ്പിക്കാവുന്നതും അവരെത്തന്നെ.

കുര്‍ദിസ്ഥാന്‍ അഭയാര്‍ഥികളായ ഒരുപറ്റം കുട്ടികളുടെ ജീവിതാനുഭവങ്ങളാണു് ഈ സിനിമയുടെ ഇതിവത്തം. നേതസ്ഥാനം വഹിക്കുന്നതു് കൂട്ടത്തില്‍ മുതിര്‍ന്നവനും പ്രധാനിയുമായ 'സാറ്റ്ലെറ്റ്' എന്നു വിളിക്കപ്പെടുന്ന സാരോണ്‍ എന്ന കൗമാരക്കാരനാണു്. കുട്ടികള്‍ ജീവിക്കുന്നതു് കുഴിബോംബുകളും ഷെല്ലുകളും വിറ്റാണു്. ഒരു സാധാരണ പ്രവര്‍ത്തിയെന്നപോലെയാണു് തോന്നുക. യുദ്ധത്തിന്റെ സ്വാഭാവികതയെന്ന പോലെ കാലുകളും കൈകളും നഷ്ടപ്പെട്ടവരാണു് മിക്ക കുട്ടികളും. ചെറു പ്രായത്തില്‍ തന്നെ തൊഴിലിനോടുള്ള പ്രത്യേകമായ ആഭിമുഖ്യമാണു് അവരുടെ ഏറ്റവും വലിയ സവിശേഷത.

അവരുടെ കൂട്ടത്തിലേക്കാണു് പ്രവചനങ്ങള്‍ നടത്തുന്ന ഹംഗോവ് എന്ന കൈകള്‍ നഷ്ടമായ പയ്യനും സഹോദരി അഗ്രിനും ഒരു അന്ധ ബാലനും കടന്നു വരുന്നതു്. തുടര്‍ന്നുനടക്കുന്ന ചില സംഭവങ്ങളാണു് കഥയുടെ ആകെത്തുക. ആദ്യസീനില്‍ തന്നെ നാം കാണുന്നതു് അഗ്രിന്‍ ഒരു കുന്നിനു മുകളില്‍ നിന്നു് താഴേക്കു ചാടുന്നതാണു്. പിന്നീടു ഫ്ലാഷ് ബാക്കില്‍ കഥ വിടരുകയാണു്. സംവിധായകന്റെ പ്രതിഭയുടെ ഒരടയാളമാണിതു്.

സാറ്റലൈറ്റ് എന്ന കൗമാരക്കാരനു് അഗ്രിനോടു തോന്നുന്ന പ്രായത്തിന്റേതായ അടുപ്പം ചിത്രത്തിന്റെ ആദ്യത്തില്‍ ഒരു കുട്ടിക്കളിയായി തോന്നുമെങ്കിലും പിന്നീടു് അതിലെ ദുരന്തം മനസ്സിലാക്കുമ്പോള്‍ നാം നടുങ്ങിപ്പോകുന്നു. ചിത്രത്തിലെ അന്ധബാലന്‍ അഗ്രിന്‍ എന്ന പെണ്‍കുട്ടിയുടെ കുഞ്ഞാണെന്നറിയുന്നതു് ചില സൂചനകളിലൂടെയാണു്. തന്റെ മാതാപിതാക്കളെ കൊന്നൊടുക്കിയവരുടെ ചോരയായ ആ കുഞ്ഞിനോടു് അഗ്രിന്‍ വെറുപ്പു് പ്രകടിപ്പിക്കുമ്പോഴും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഇതറിയാതെയാണു് സാറ്റലൈറ്റ് അവളെ ഇഷ്ടപ്പെടുന്നതു്.

ഈ സിനിമയുടെ പശ്ചാത്തലഭംഗികള്‍ എടുത്തുപറയേണ്ടവ തന്നെ. ഒപ്പം മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ശബ്ദക്രമീകരണവും സംഗീതവും. ഇതിനിടയില്‍ ഹംഗോവ് നടത്തുന്ന പ്രവചനങ്ങള്‍ ചിലതു് ശരിയായി വരികയും ആദ്യമുണ്ടായ ഈര്‍ഷ്യയടങ്ങി സാറ്റലൈറ്റ് അയാളോടു് അനുഭാവം കാണിക്കാനും തുടങ്ങുന്നു. ചിത്രത്തിലെ മറ്റൊരു പ്രസക്തഭാഗം യുദ്ധവാര്‍ത്തകള്‍ അറിയാനായി ടി.വി.കാണാന്‍ തടിച്ചുകൂടുന്ന ജനങ്ങളുടേതാണു്. യുദ്ധത്തിന്റെ ആകാംക്ഷയോടൊപ്പം അവരില്‍ ജീവിതത്തോടുള്ള ആഗ്രഹവും പ്രകടമാണു്. ഒടുവില്‍ അഭയാര്‍ത്ഥികളോരോന്നായി ഒഴിഞ്ഞുപോകുമ്പോള്‍ അന്ധബാലനെ ഉപേക്ഷിക്കണമെന്നു് അഗ്രിന്‍ വാശിപിടിക്കുന്നു. അതിനു ഹംഗോവ് വഴങ്ങാത്തതിനാല്‍ ഒരു തവണ അവള്‍ ആത്മഹത്യയ്ക്കൊരുങ്ങുന്നു. അവളെ ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതാകട്ടെ, ആ ബാലനും. പിന്നീടു് ഹംഗോവിന്റെ കണ്ണുവെട്ടിച്ചു് അവള്‍ ആ ബാലനെ മലമുകളില്‍ ഉപേക്ഷിക്കുന്നു. അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കുഴിബോംബു പൊട്ടിത്തെറിച്ചു് സാറ്റലൈറ്റിന്റെ കാലിനു പരിക്കേല്‍ക്കുന്നു.

ഈ രംഗത്തില്‍ മറ്റു കുട്ടികളുടെ പ്രതികരണം ശ്രദ്ദേയമാണു്. എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായ ഒരു ബാലന്റെ ആത്മാര്‍ത്ഥത ഇവിടെ സ്പഷ്ടമാണു്. പാഷോവ് എന്ന കാലു നഷ്ടപ്പെട്ട കുട്ടിയുടെ സാന്നിദ്ധ്യം പലയിടങ്ങളിലും വല്ലാത്തൊരു വേദനയാണു്. ഒരു കാലില്ലാത്ത അവന്റെ വേഗത ജീവിതത്തോടുള്ള അമിതമായ ആസക്തിപോലെയാണു് ചിത്രീകരിച്ചിരിക്കുന്നതു്. അന്ധനായ കുട്ടിയെ ചിരിപ്പിക്കാനായി പാഷോവ് തന്റെ പാഴു്കാല്‍ തോക്കാക്കുന്ന രംഗം യുദ്ധത്തിന്റെ താക്കീതായി നമുക്കനുഭവപ്പെടും. ഈ ചിത്രത്തില്‍ വികലാംഗരായി കാണപ്പെടുന്ന ഓരോ കുട്ടിയുടെയും ആത്മബലം അത്ഭുതാവഹമാണു്.

ഒരു ദുരന്തരംഗത്തോടെയാണു് സിനിമ അവസാനിക്കുന്നതു്. ആ പിഞ്ചു ബാലനെ കല്ലു കെട്ടി അഗ്രിന്‍ ചുവന്ന മീനുകളുടെ പുഴയില്‍ താഴ്ത്തുന്നു. സ്വപ്നത്തിലെന്ന പോലെ ഇതു മനസ്സിലാക്കുന്ന ഹംഗോവ് കാണുന്നതു് പുഴക്കരയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന സാറ്റലൈറ്റിനെയാണു്. അപ്പോഴാണു് ആരംഭത്തിലെ അഗ്രിന്റെ ആത്മഹത്യയുടെ അര്‍ത്ഥം നാം മനസ്സിലാക്കുന്നതു്. കൈകളില്ലാത്ത ഹംഗോവ് കരഞ്ഞുകൊണ്ടു് അവളുടെ നീലച്ചെരുപ്പുകള്‍ കടിച്ചെടുക്കുമ്പോള്‍ നമ്മുടെ ഉള്ളം ഉലഞ്ഞുപോകുന്നു.

വഴിയോരത്തു് പൊയ്ക്കാലുകളിലൂന്നി നില്‍ക്കുന്ന പാഷോവിലും സാറ്റലൈറ്റിലുമാണു് സിനിമ അവസാനിക്കുന്നതു്. അമേരിക്കന്‍ സേനയോടു് പുറംതിരിഞ്ഞു നില്‍ക്കുന്ന സാറ്റലൈറ്റിനോടു്, നീയെന്നും അമേരിക്കക്കാരെ കാണാന്‍ ആഗ്രഹിച്ചിരുന്നില്ലേ എന്നു് പാഷോവ് ചോദിക്കുന്നിടത്തു് കാഴ്ചയുടെ ഈ വിസ്മയം അവസാനിക്കുകയാണു്. ലോകം ഇയാളുടെ കൈയിലാണെന്നു പറഞ്ഞു് ബുഷിനെ അഭിനന്ദിക്കുമ്പോഴും സാന്‍ഫ്രാന്‍സിസ്കോയും മുറിയിംഗ്ലീഷും പറഞ്ഞു് ആളാവുമ്പോഴുമുള്ള സാറ്റലൈറ്റിനെയല്ല നാമിവിടെ കാണുന്നതു്. ക്രൂരതയ്ക്കു നേരേ പിന്തിരിഞ്ഞു നില്‍ക്കയാണവന്‍!

ഈ ചിത്രം ആദ്യവസാനം ഒട്ടനവധി ചോദ്യശരങ്ങള്‍ മനസ്സില്‍ കുത്തിനിറയ്ക്കുന്നു. ലോകമനസ്സാക്ഷിക്കു നേരേയുള്ള കൂരമ്പുകളാണവ!യുദ്ധം എത്ര വലിയ ദുരന്തമാണെന്നു് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനസ്സിന്റെ തടവറകളില്‍ യുദ്ധം നമ്മെ കീഴ്പ്പെടുത്തുന്നു. വീണുപോയ സദ്ദാം പ്രതിമയുടെ കൈ കൂട്ടുകാരനു സമ്മാനിക്കുന്ന കുട്ടി, സ്നേഹത്തിന്റെ സന്ദേശം പരത്തുന്നു. ഏറ്റവും ചെറിയവനായ ആ അന്ധബാലന്‍ മനസ്സില്‍ ഒരു മുറിവായി അവശേഷിക്കുന്നു.

ഭാഷയുടെയും സംസ്കാരത്തിന്റെയും കടമ്പകളെ മറികടന്നു് മനുഷ്യരാശിയോടു് നേരിട്ടു സംവദിക്കാന്‍ ഈ ചിത്രത്തിനു കഴിയുന്നു. ദേശകാലങ്ങളെ അടയാളപ്പെടുത്തുന്ന ഈ ചലച്ചിത്രത്തെ സ്നേഹിക്കാത്തവര്‍ മനുഷ്യരല്ല എന്നു പറയേണ്ടിവരും!..

                                    * * * * * * * * * * * *

1 അഭിപ്രായം: