2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

സിനിമാനിരൂപണം


23.07.2011 ശനിയാഴ്ച നടന്ന ഫിലിം പ്രദര്‍ശനത്തിന്റെ 
 തുടര്‍ പ്രവര്‍ത്തനമായി ഒരു സിനിമാ നിരൂപണ മത്സരം 
 സംഘടിപ്പിക്കുകയുണ്ടായി.
 ഏറ്റവും മികച്ച രചനയായി തെരഞ്ഞെടുക്കപ്പെട്ടത് 
 ശ്രീലക്ഷ്മി ആര്‍.എസ്. (8 B) ന്റെ സിനിമാ നിരൂപണമാണ്.



     സിനിമ    -ബൈസിക്കിള്‍തീവ്സ്                                          

        ഇറ്റാലിയന്‍ സംവിധായകന്‍ വിറ്റോറിയോ ടി സിക സമ്മാനിച്ച മഹത്തായ സിനിമയാണ് ബൈസിക്കിള്‍ തീവ്സ് (സൈക്കിള്‍ മോഷ്ടാക്കള്‍) ഒന്നാം ലോക മഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റോമാ നഗരത്തിന്റെ കഥ പറയുന്ന, വ്യത്യസ്തതയാര്‍ന്ന മികച്ചൊരു ചലച്ചിത്രമാണ് ബൈസിക്കിള്‍ തീവ്സ് ആരംഭത്തില്‍ തന്നെ കഥാനായകന്‍ സൈക്കിളിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരു ദൃശ്യമുണ്ട്. ഈ ചിത്രത്തിനു പിറകില്‍ ഒരുപാട് കഥകളുണ്ടെന്ന് പിന്നീട് മനസ്സിലാകുന്നു. വായില്‍ തീക്കൊള്ളി വച്ചുകൊണ്ട് സംസാരിക്കുന്ന അഭിനേതാവ് തന്റെ കഥാപാത്രത്തോട് പുറമേ ഏറെ സാദൃശ്യംപുലര്‍ത്തുന്നു. വലിയ കെട്ടിടങ്ങളും ജോലിസ്ഥലങ്ങളും ദാരിദ്ര്യം നിറഞ്ഞ ജീവിതങ്ങളും തിരക്കേറി നീണ്ടുകിടക്കുന്ന പാതകളും പശ്ചാത്തലത്തില്‍ മാറി മാറി നിറയുന്നു. തകര്‍ന്നടിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും വെല്ളത്തിനായുള്ള വഴക്കും സൈക്കിള്‍ വാങ്ങാന്‍ പുതപ്പ് വില്‍ക്കുന്ന ദയനീയവസ്ഥയും റോമാനഗരത്തിന്റെ അന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. 
        സൈക്കിള്‍ വാങ്ങിക്കുമ്പോഴുള്ള ആകാംക്ഷയും അത് നഷ്ടപ്പെടുമ്പോഴുള്ള നിരാശയും സാധാരണക്കാരന്റെ ഏറ്റവും നല്ല ഭാവങ്ങളായി ആ നടന്‍ അഭിനയിക്കുന്നു. കഥാപാത്രങ്ങള്‍ സംഘര്‍ഷങ്ങളോടെ ഏറ്റുമുട്ടുമ്പോള്‍, സംവിധായകന്‍ പശ്ചാത്തല സംഗീതത്തിലൂടെ സ്വാധീനിക്കുന്നു. കഥയുടെ ആഴത്തില്‍ നമ്മെ കൊണ്ടെത്തിക്കാന്‍ പര്യാപ്തമാണ് ഇതിലെ സംഗീതം. ജീവിതത്തില്‍, പ്രത്യേകിച്ച് ദുഃഖങ്ങളില്ലാത്ത സമയത്ത് അന്റോണിയോ മന്ത്രവാദികളെയും അന്ധവിശ്വാസങ്ങളെയും തള്ളിക്കളയുന്നു. എന്നാല്‍ വിഷമസന്ധിയില്‍ അന്ധവിശ്വാസത്തിന്റെ പടിവാതിലില്‍ മുട്ടുകയും ചെയ്യുന്നു. ഇത് സിനിമയിലുള്ള രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലുള്ള കഥാപാത്രത്തിന്റെ മാറ്റങ്ങള്‍ വരച്ചുകാട്ടുന്നു. 
               ബ്രൂണോ എന്ന മൂത്ത മകനും കുടുംബത്തിനുവേണ്ടി ഈ ഇളംപ്രായത്തിലേ പണിയെടുക്കുന്നതാണ് നമ്മള്‍ കാമുന്നത്. ബ്രൂണോയെപ്പോലെ എത്രായിരം കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുന്നുണ്ടാവും? അത്തരത്തില്‍ ചില കുട്ടികളെ തെരുവിന്റെ പല ഭാഗങ്ങളിലും നമ്മള്‍ കാണുന്നുണ്ട്. പക്ഷേ സംവിധായകന്‍ അതിലേക്കൊന്നും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നില്ല. 
             അന്റോണിയോ ജോലിയില്‍ കയറി ആദ്യദിനം തന്നെ അയാളുടെ സൈക്കിള്‍ നഷ്ടപ്പെടുന്നു. തുടര്‍ന്ന് ഈ സിനിമ നീളുന്നത് ആ സൈക്കിളിനായുള്ള അന്വേഷണത്തിലേക്കാണ്. തെരുവിലെ വാഹനത്തിരക്കും ജനത്തിരക്കും അയാളെ വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സാധാരണക്കാരന്റെ വികാരങ്ങളാണ് നമ്മള്‍ നായകനില്‍ കാണുന്നത്. ഇവിടെ ജീവിതവും സിനിമയും ഒന്നാകുന്നു.              പരിഭ്രമിക്കുമ്പോഴും വിഷമം തീര്‍ക്കാന്‍ പാട്ടാസ്വദിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യുന്ന നായകന്‍, സാധാരണക്കാരന്റെ മാനുഷിക വികാരങ്ങളെ പകര്‍ത്തുന്നതു് എന്നെ വളരെ ആകര്‍ഷിച്ചു. റോമാ നഗരത്തിലെ വിശാലമായ റോഡുകള്‍ ആളുകള്‍ അതിരാവിലെ വൃത്തിയാക്കുന്ന രംഗവും എന്റെ മനസ്സില്‍ സ്പര്‍ശിച്ചു. സൈക്കിളിനുള്ള തിരച്ചിലില്‍ അയാള്‍ പലപ്പോഴും നിരാശനാവുകയും കോപാകുലനാവുകയും ചെയ്യുന്നു. അന്റോണിയോയ്ക്കും ബ്രൂണോയ്ക്കും പുറമേ വരുന്ന കഥാപാത്രങ്ങളും അവരുടെ പങ്ക് നന്നായി നിര്‍വഹിക്കുന്നുണ്ട്. ഇതു തന്നെയാണ് സിനിമയുടെ വിജയത്തിനു പിന്നിലുള്ള മുഖ്യ ഘടകം. 
          ബ്രൂണോയുടെ നിഷ്കളങ്കമായ മുഖവും തുറിച്ചു നോട്ടവും കുസൃതികളും മനോഹരമായ നിരവധി രംഗങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ജീവിതത്തിലെ സങ്കീര്‍ണമായ പല വികാരങ്ങളും മിന്നിമറയുന്ന രംഗങ്ങളുണ്ട്. ചിലര്‍ തിരക്കു പിടിച്ച് പായുമ്പോള്‍ മറ്റു ചിലര്‍ വഴിയോരങ്ങളില്‍ കളിച്ചും ചിരിച്ചും കുമിളകള്‍ പറത്തിവിട്ടും ജീവിതം രസകരമാക്കുന്നു. 
           ഒരച്ഛന്റെയും മകന്റെയും ബന്ധത്തെ വളരെ നല്ലരീതിയില്‍ ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഏതോ കുട്ടി പുഴയില്‍ വീണതുകണ്ട് ഓടിയെത്തുന്ന അന്റോണിയോയുടെ ഇടനെഞ്ചെരിഞ്ഞത് നമ്മള്‍ കാണുന്നു. മകന്റെ കൈയും പിടിച്ച്, മോഷ്ടാവെന്ന് മുദ്രകുത്തപ്പെട്ട അന്റോണിയോ നടന്നു മറയുന്ന അവസാന രംഗം നമ്മുടെ ഹൃദയം വിങ്ങിപ്പൊട്ടും. നിരാശയുടെയും നിസ്സഹായതയുടെയും പടുകുഴിയിലാണ് സിനിമ അവസാനിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. 
                ഇന്നത്തെ കാലഘട്ടത്തില്‍ ദാരിദ്ര്യം എന്തെന്ന് അറിയാത്തവരാണേറെയും. ലാഭക്കൊതിയുടെയും ഉയര്‍ന്ന ജോലിയുടെയും പിറകേ പോകുന്ന അനേകം പേര്‍ക്ക് നല്ലൊരു വഴിത്തിരിവാകും ഈ ചിത്രം. അനേകം സാരോപദേശങ്ങള്‍ ഈ സിനിമയിലൂടെ സംവിധായകന്‍ കൈമാറുന്നുണ്ട്. ദാരിദ്ര്യത്തിന്റെ തീക്ഷ്ണത ശക്തമായിത്തന്നെ പകര്‍ന്നുതരാന്‍ ബൈസിക്കിള്‍ തീവ്സിന് കഴിയുന്നു. സിനിമ വെറും വിനോദോപാധിയല്ല. ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകേണ്ടത് ഇക്കാലത്ത് വലിയൊരാവശ്യം കൂടിയാണ്. ഒരു ക്ലാസിക് സിനിമയുടെ ഉത്തമാംശങ്ങളെല്ലാം ഒത്തിണങ്ങിയ നല്ലൊരു സിനിമയാണ് "ബൈസിക്കിള്‍ തീവ്സ്"

                                                 * * * * * * * * * *
                                        



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ