2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

കലോത്സവം

2011-2012 വര്‍ഷത്തെ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 
 20, 21 തീയതികളില്‍ നടന്നു.
 സ്കൂളിനൊരുത്സവം തന്നെയായിരുന്നു....
 യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായിട്ടാണു് 
 മത്സരങ്ങള്‍ നടന്നതു്.
 പാട്ടും നത്തവും മേളവും ഒത്തുചേര്‍ന്ന രണ്ടു് ദിനങ്ങള്‍....


 
 
ചെറുകഥാംത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹമായ രചന -

                     സ്വപ്നത്തിന്റെ നീരുറവ

                                                                        കല്യാണി രാജു
                                                ( 10 A )

ഒടുവില്‍ അയാള്‍ ഓടിത്തളര്‍ന്നു. പേരറിയാത്ത ഏതോ ഒരു മരത്തിനു
കീഴെ അയാള്‍ ഇരിക്കുകയാണു്. കാതു മുഴക്കും വിധം സംസാരിക്കുന്ന അയാളുടെ ചുമലില്‍ ഒരു ചിഹ്നമുണ്ടായിരുന്നു-സ്വസ്തിക! അല്ല, അതയാളുടെ ഫെദര്‍ യൂണിഫോമിലല്ല. ഹദയത്തില്‍ നിന്നു്, ചോരയൊഴുകും വിധം വ്യാപിക്കുകയാണു്, ഒരു അദശ്യബിന്ദുവില്‍ നിന്നെന്നപോലെ...
ഇതായിരുന്നു നിര്‍വാണ ഇന്നു കണ്ട സ്വപ്നം. അയാള്‍ അതിനെപ്പറ്റി വീണ്ടും വീണ്ടും ഓര്‍ത്തു. അയാള്‍ തന്റെ ഓഫീസ് ക്യാബിനിലാണു്. രാവിലെ മകള്‍ എഴുന്നേറ്റുവന്നു് തോളില്‍ ചാഞ്ഞിരുന്നു. അപ്പോള്‍ വെറുതേ ഒരു കൗതുകത്തിനു ചോദിച്ചതാണു്.

ഇന്നെന്റെ മോള് സ്വപ്ന്മൊന്നും കണ്ടില്ലേ?”

കൊള്ളാം ഇന്നാരായിരുന്നൂന്ന് അച്ഛനറിയ്യോ, ഹിറ്റു്ലര്‍ മാമന്‍!”

അയാള്‍ വെറുതെയെങ്കിലും ഒന്നു ഞെട്ടി. പക്ഷേ,പിന്നീട് അതോര്‍ത്തു് അയാള്‍ ചിരിച്ചു. മുസ്സോളിനിയെയും ഇവള്‍ നാളെ മാമന്‍ എന്നു് വിളിക്കും. ഇഷ്ടപ്പെടുന്നതിനെയെല്ലാം അവള്‍ പൊതുവില്‍ ഒരു വിശേഷണത്തിലാക്കാറുണ്ട്.

ചരിത്രപുസ്തകം തലയ്ക്കല്‍ വച്ചല്ലേ കിടപ്പു്, പിന്നെങ്ങനെയാ കാണാതിരിക്കുക?”

അവള്‍ കൊച്ചുപല്ലുകള്‍ കാട്ടിച്ചിരിച്ചു.
അവളുടെ ചിരിയാണല്ലോ തന്നെ എന്നും ജീവിച്ചിരിക്കാന്‍ പ്രേരിപ്പിച്ചതു് എന്നയാള്‍ ഓര്‍ത്തു.
ക്യാബിനില്‍ ഒരു ഫോണ്‍കോള്‍ വന്നു. അയാള്‍ ആ നഗരത്തിലെ ഏറ്റവും വലിയ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണു്. നഗരത്തിന്റെ കുത്തൊഴുക്കില്‍ അതങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്നു.

ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ഹരിയായിരുന്നു. ഫ്രീയാണോ എന്നറിയാന്‍ വിളിച്ചതാണു്. വന്നുകൊള്ളാന്‍ പറഞ്ഞു. മുന്നിലെ ഫയലുകളിലെ വീര്‍പ്പുമുട്ടലുകള്‍ വകവയ്ക്കാതെതന്നെ.

ഒരു വലിയ ചിരിയുമായിട്ടാണു് ഹരി വന്നതു്. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ അവന്‍ അങ്ങനെയായിരുന്നു. ഈ വലിയലോകത്തിന്റേതായതൊന്നും ആ ചിരിയില്‍ ഉള്‍ക്കൊള്ളാതിരിക്കാന്‍ അവന്‍ എന്നും ശ്രദ്ധിച്ചിരുന്നു.

എന്താ മിസ്റ്റര്‍ വിഷ്ണുനാരായണന്‍, ഒരു ഗൗരവം? അമ്മു പിന്നെയും സ്വപ്നലോകത്തുതന്നെയാണോ?”

മുഖത്തു് ഒരു ചിരി വരുത്തിക്കൊണ്ടു പറഞ്ഞു,
ഇന്നു് ഹിറ്റു്ലറായിരുന്നു. ചരിത്രം മുഴുവന്‍ അവളുടെ തലച്ചോറിലാ.”

അതേ, ചരിത്രം ജീവിക്കുന്നതു് നമ്മുടെയൊക്കെ തലച്ചോറിലാണല്ലോ.”

അപ്പോഴാണു് പറഞ്ഞതിനെപ്പറ്റി അയാള്‍ ഒന്നുകൂടി ആലോചിച്ചതു്.

അമ്മു നല്ല ബ്രൈറ്റ് കുട്ടിയാണു്. പിന്നെ, ഹിസ്റ്ററിക്ക് കുറച്ചു മാര്‍ക്ക് കൂടുതലായാലും പ്രശ്നമൊന്നുമില്ലല്ലോ?”

ഹരി പിന്നെയും ചിരിച്ചുകൊണ്ടിരുന്നു. അതു നോക്കിയിരിക്കെ മനസ്സു് ഒട്ടൊന്നു് ലാഘവമായതുപോലെ. ഹരി എന്നും തനിക്കൊരാശ്വാസമായിരുന്നു.

ശരിയാണു്, ഹരീ. പക്ഷേ, വളരുംതോറും അവള്‍ മറ്റൊരു മഋദുലയായി തോന്നുന്നു.”

അതിലെന്താണൊരസ്വാഭാവികത? പെണ്‍കുട്ടികള്‍ അമ്മമാരെപ്പോലെയല്ലേ വളരേണ്ടതു്?”

അല്ല, അങ്ങനെ ആയിക്കൂടാ. അയാള്‍ പിന്നെയും ഓര്‍മ്മയുടെ കയത്തിലേക്കു പതിക്കുകയാണു്.
അയാളുടേതു് പ്രണയവിവാഹമായിരുന്നു. കുറച്ചുകാലത്തെ പരിചയം കൊണ്ടു്, മഋദുല താനുമായി ഇണങ്ങുമെന്നു തോന്നി. മോള്‍ക്കു് 'നിര്‍വാണ' എന്ന പേരിടണമെന്നു് അവള്‍ക്കായിരുന്നു നിര്‍ബന്ധം. അതിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍, 'ജീവിതത്തിനും ആത്മാവിനും മനസ്സിനും യാതൊന്നിനും എത്തിപ്പെടാന്‍ കഴിയാത്ത, എന്നാല്‍ സര്‍വതിനെയും ഉള്‍ക്കൊള്ളുന്ന' എന്നാണവള്‍ പറഞ്ഞതു്.

ഇത്രയും വലിയൊരു പേരിന്റെ ഭാരം എന്റെ മോളു് താങ്ങണോ? അവള്‍ക്കു് ഒരു സാധാരണ പേരു് പോരേ? ഞാനവളെ അമ്മുവെന്നു് വിളിക്കും.”


അപ്പോഴൊക്കെ അവള്‍ പറഞ്ഞതു് അവളുടെ സ്വപ്നങ്ങളെപ്പറ്റിയായിരുന്നു. വിചിത്രമായ, മറ്റേതോ ലോകത്തിന്റേതായ സ്വപ്നങ്ങള്‍. പലപ്പോഴും അവയെ വ്യാഖ്യാനിക്കാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ മനസ്സിലാക്കിയതില്‍ നിന്നു് ഒരിറ്റു് പോലും താനുള്‍ക്കൊള്ളുന്നില്ല എന്നു് അയാള്‍ അറിയുന്നുണ്ടായിരുന്നു.

ഈ വിരലുകള്‍ എന്റെ എല്ലാ സ്വപ്നങ്ങളിലും കടന്നുവരുന്നല്ലോ.”

ഒരു ദിവസം അയാളുടെ തടിച്ച വിരലുകള്‍ തലോടിക്കൊണ്ടു് അവള്‍ പഞ്ഞു. അവള്‍ ഇഷ്ടമുള്ളതെല്ലാം സ്വപ്നമാക്കിമാറ്റി. എന്നിട്ടു് ആരുമറിയാത്ത ഒരു ലോകത്തു് അതിനു പിറകേ സഞ്ചരിച്ചു. മരിച്ചു കിടക്കുന്ന അവളുടെ കണ്ണുകളില്‍ നോക്കിയപ്പോഴും അയാള്‍ക്കു് തോന്നിയതു് അതാണു്, അവള്‍ ഒരു സ്വപ്നത്തിലാണു്...

വീട്ടിലെത്തിയപ്പോള്‍ മകള്‍ പാട്ടു കേള്‍ക്കുകയാണു്. ഇന്നു് അവളുടെ സ്വപ്നത്തിനു് സംഗീതത്തിന്റെ അകമ്പടിയുണ്ടാകും. അയാളെ കണ്ടയുടനെ ഓടിവന്നു് അവള്‍ പറഞ്ഞു,

അച്ഛാ, ഇന്നലത്തെ സ്വപ്നം ഞാന്‍ കൂട്ടുകാരികളോടു പറഞ്ഞു. അവര്‍ പറഞ്ഞതെന്താണെന്നറിയോ. ഏതോ ജന്മത്തില്‍ ഞാനും ഹിറ്റു്ലറിനെയും അലക്സാണ്ടറിനെയും പോലെ ചരിത്രം സഷ്ടിക്കാന്‍ പാടുപെട്ടിട്ടുണ്ടാകുമെന്നു്.”

കൂട്ടുകാരികളുടെ ഫലിതത്തില്‍ അവള്‍ ചിരിച്ചു. അയാളും ചിരിച്ചു.
പിന്നീടു് മകളുടെ നെറുകയില്‍ ചുംബിച്ചിട്ടു് അയാള്‍ തന്റെ മുറിയിലേക്കു പോയി.

പ്രകതി സന്ധ്യക്കുവേണ്ടി ഒരുക്കിയ ചമയങ്ങളൊക്കെ അഴിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. അവള്‍ ഉയര്‍ന്ന ശബ്ദത്തില്‍ വെച്ച മ്യൂസിക് പ്ലെയറിലെ അവള്‍ക്കിഷ്ടപ്പെട്ട സംഗീതം കേട്ടുകൊണ്ടു് അയാള്‍ കിടന്നു. അവളെപ്പോലെ ആ പാട്ടും പ്രത്യേകതയുള്ളതായിരുന്നു. പതിയെ അയാളും ഒരു സ്വപ്നത്തില്‍ അകപ്പെട്ടു.
സ്വപ്നത്തില്‍ അയാള്‍ ഭാര്യയെ കണ്ടു, മകളെ കണ്ടു. അവര്‍ സ്വപ്നത്തിന്റെ രണ്ടു ഗോളങ്ങള്‍ക്കുള്ളിലായിരുന്നു. അവര്‍ അയാളെ കണ്ടില്ല. അവര്‍ മുന്നോട്ടു നടക്കുകയാണു്. വിചിത്രമായ ആഗ്രഹങ്ങളെ കയറിട്ടു വലിച്ചുകൊണ്ടു് അവര്‍ ധതിപ്പെട്ടു നടക്കുന്നു. ഒടുവില്‍ അയാള്‍ ഒറ്റപ്പെട്ടു. അയാള്‍ നിലവിളിച്ചു. പാറകളില്‍ അയാളുടെ ചോര നനവുണ്ടാക്കി. സ്വപ്നങ്ങളുടെ നീരുറവ വറ്റിയ ഒരൂഷര ഭൂമിയില്‍ അയാള്‍ അടിതെറ്റി വീണു!

                                               * * * * * * *

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

സ്കൂള്‍മേള - 2011 ക്ലാസ്സ്മുറികളില്‍ നിന്നു നേടിയ അറിവുകളുടെ
 പുനര്‍നിര്‍മ്മിതിയാണ് സ്കൂള്‍ മേളകളുടെ ലക്ഷ്യം.
 ശാസ്ത്ര-ഗണിതശാസ്ത്ര-മാനവികശാസ്ത്ര-ഐ.ടി.-പ്രവൃത്തിപരിചയ 
 മേളയാണു് 18.10.2011ല്‍ സംഘടിപ്പിച്ചത്...

                                                                                                                                                                                                                                                             

സേവനവാരം 2011

 ഈ വര്‍ഷത്തെ സേവനവാരം ഒക്ടോബര്‍ 2 മുതല്‍ 8
 വരെ വളരെ നല്ല രീതിയില്‍ ആഘോഷിക്കുകയുണ്ടായി...


          

ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം


2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

സിനിമാനിരൂപണം   
    കാലത്തിനും കല്പനയ്ക്കും അതിരിടുമ്പോള്‍
                                                                  കല്യാണി രാജു (10 A)


എല്ലായ്പ്പോഴും മനുഷ്യന്‍ നേടിയെടുക്കാന്‍ കഴിയാതെ തലകുനിച്ചിട്ടുള്ളതു് ഒരുപക്ഷേ സ്വയം നിയന്ത്രിക്കാനാവാത്ത വികാരങ്ങളുടെ മുന്നിലായിരിക്കണം. ഏതൊരു കലയും ജനം സ്വീകരിക്കുന്നതും അതു് തങ്ങളെ കീഴ്പ്പെടുത്തി എന്നൊരു ബോധം ഉള്ളില്‍ ജനിക്കുമ്പോഴാണു്. അത്തരത്തില്‍ ഏതൊരു മനുഷ്യനെയും തോല്‍പ്പിച്ചു് അവന്റെ ഹഋദയത്തില്‍ ഇടം നേടാന്‍ പക്വമായ ഒരു ചലച്ചിത്രമാണു് ഇറാനിയന്‍ സംവിധായകനായ ബഹുമന്‍ കബാടിയുടെ 'ടര്‍ട്ടില്‍സ് ക്യാന്‍ ഫ്ലൈ' എന്ന നയനവിസ്മയം. ഒരു സമൂഹത്തോടു് നിര്‍വഹിക്കുന്ന കടമ എന്നതിനെക്കാളേറെ മാനസികമായ ഒരു പരിവര്‍ത്തനത്തിനു് ഈ ചിത്രം വഴിയൊരുക്കുന്നു.

കഥ നടക്കുന്നതു് 2003ലെ ഇറാഖിലെ യു.എസ്.അധിനിവേശത്തിനു് തൊട്ടുമുമ്പുള്ള പശ്ചാത്തലത്തിലാണു്. ഒരു യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത ഒരു നേര്‍ത്ത മറയാല്‍ മൂടിക്കൊണ്ടാണു് കഥ മുന്നോട്ടു പോകുന്നതു്. മുതിര്‍ന്നവര്‍ ഇതില്‍ കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും ഭാവിയിലേക്കു് ഒരു ചൂണ്ടു വിരലെന്ന പോലെ അങ്ങോളമിങ്ങോളം കുട്ടികളാണുള്ളതു്. ഇതിലെ കേന്ദ്രകഥാപാത്രങ്ങളെന്നുവിശേഷിപ്പിക്കാവുന്നതും അവരെത്തന്നെ.

കുര്‍ദിസ്ഥാന്‍ അഭയാര്‍ഥികളായ ഒരുപറ്റം കുട്ടികളുടെ ജീവിതാനുഭവങ്ങളാണു് ഈ സിനിമയുടെ ഇതിവത്തം. നേതസ്ഥാനം വഹിക്കുന്നതു് കൂട്ടത്തില്‍ മുതിര്‍ന്നവനും പ്രധാനിയുമായ 'സാറ്റ്ലെറ്റ്' എന്നു വിളിക്കപ്പെടുന്ന സാരോണ്‍ എന്ന കൗമാരക്കാരനാണു്. കുട്ടികള്‍ ജീവിക്കുന്നതു് കുഴിബോംബുകളും ഷെല്ലുകളും വിറ്റാണു്. ഒരു സാധാരണ പ്രവര്‍ത്തിയെന്നപോലെയാണു് തോന്നുക. യുദ്ധത്തിന്റെ സ്വാഭാവികതയെന്ന പോലെ കാലുകളും കൈകളും നഷ്ടപ്പെട്ടവരാണു് മിക്ക കുട്ടികളും. ചെറു പ്രായത്തില്‍ തന്നെ തൊഴിലിനോടുള്ള പ്രത്യേകമായ ആഭിമുഖ്യമാണു് അവരുടെ ഏറ്റവും വലിയ സവിശേഷത.

അവരുടെ കൂട്ടത്തിലേക്കാണു് പ്രവചനങ്ങള്‍ നടത്തുന്ന ഹംഗോവ് എന്ന കൈകള്‍ നഷ്ടമായ പയ്യനും സഹോദരി അഗ്രിനും ഒരു അന്ധ ബാലനും കടന്നു വരുന്നതു്. തുടര്‍ന്നുനടക്കുന്ന ചില സംഭവങ്ങളാണു് കഥയുടെ ആകെത്തുക. ആദ്യസീനില്‍ തന്നെ നാം കാണുന്നതു് അഗ്രിന്‍ ഒരു കുന്നിനു മുകളില്‍ നിന്നു് താഴേക്കു ചാടുന്നതാണു്. പിന്നീടു ഫ്ലാഷ് ബാക്കില്‍ കഥ വിടരുകയാണു്. സംവിധായകന്റെ പ്രതിഭയുടെ ഒരടയാളമാണിതു്.

സാറ്റലൈറ്റ് എന്ന കൗമാരക്കാരനു് അഗ്രിനോടു തോന്നുന്ന പ്രായത്തിന്റേതായ അടുപ്പം ചിത്രത്തിന്റെ ആദ്യത്തില്‍ ഒരു കുട്ടിക്കളിയായി തോന്നുമെങ്കിലും പിന്നീടു് അതിലെ ദുരന്തം മനസ്സിലാക്കുമ്പോള്‍ നാം നടുങ്ങിപ്പോകുന്നു. ചിത്രത്തിലെ അന്ധബാലന്‍ അഗ്രിന്‍ എന്ന പെണ്‍കുട്ടിയുടെ കുഞ്ഞാണെന്നറിയുന്നതു് ചില സൂചനകളിലൂടെയാണു്. തന്റെ മാതാപിതാക്കളെ കൊന്നൊടുക്കിയവരുടെ ചോരയായ ആ കുഞ്ഞിനോടു് അഗ്രിന്‍ വെറുപ്പു് പ്രകടിപ്പിക്കുമ്പോഴും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഇതറിയാതെയാണു് സാറ്റലൈറ്റ് അവളെ ഇഷ്ടപ്പെടുന്നതു്.

ഈ സിനിമയുടെ പശ്ചാത്തലഭംഗികള്‍ എടുത്തുപറയേണ്ടവ തന്നെ. ഒപ്പം മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ശബ്ദക്രമീകരണവും സംഗീതവും. ഇതിനിടയില്‍ ഹംഗോവ് നടത്തുന്ന പ്രവചനങ്ങള്‍ ചിലതു് ശരിയായി വരികയും ആദ്യമുണ്ടായ ഈര്‍ഷ്യയടങ്ങി സാറ്റലൈറ്റ് അയാളോടു് അനുഭാവം കാണിക്കാനും തുടങ്ങുന്നു. ചിത്രത്തിലെ മറ്റൊരു പ്രസക്തഭാഗം യുദ്ധവാര്‍ത്തകള്‍ അറിയാനായി ടി.വി.കാണാന്‍ തടിച്ചുകൂടുന്ന ജനങ്ങളുടേതാണു്. യുദ്ധത്തിന്റെ ആകാംക്ഷയോടൊപ്പം അവരില്‍ ജീവിതത്തോടുള്ള ആഗ്രഹവും പ്രകടമാണു്. ഒടുവില്‍ അഭയാര്‍ത്ഥികളോരോന്നായി ഒഴിഞ്ഞുപോകുമ്പോള്‍ അന്ധബാലനെ ഉപേക്ഷിക്കണമെന്നു് അഗ്രിന്‍ വാശിപിടിക്കുന്നു. അതിനു ഹംഗോവ് വഴങ്ങാത്തതിനാല്‍ ഒരു തവണ അവള്‍ ആത്മഹത്യയ്ക്കൊരുങ്ങുന്നു. അവളെ ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതാകട്ടെ, ആ ബാലനും. പിന്നീടു് ഹംഗോവിന്റെ കണ്ണുവെട്ടിച്ചു് അവള്‍ ആ ബാലനെ മലമുകളില്‍ ഉപേക്ഷിക്കുന്നു. അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കുഴിബോംബു പൊട്ടിത്തെറിച്ചു് സാറ്റലൈറ്റിന്റെ കാലിനു പരിക്കേല്‍ക്കുന്നു.

ഈ രംഗത്തില്‍ മറ്റു കുട്ടികളുടെ പ്രതികരണം ശ്രദ്ദേയമാണു്. എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായ ഒരു ബാലന്റെ ആത്മാര്‍ത്ഥത ഇവിടെ സ്പഷ്ടമാണു്. പാഷോവ് എന്ന കാലു നഷ്ടപ്പെട്ട കുട്ടിയുടെ സാന്നിദ്ധ്യം പലയിടങ്ങളിലും വല്ലാത്തൊരു വേദനയാണു്. ഒരു കാലില്ലാത്ത അവന്റെ വേഗത ജീവിതത്തോടുള്ള അമിതമായ ആസക്തിപോലെയാണു് ചിത്രീകരിച്ചിരിക്കുന്നതു്. അന്ധനായ കുട്ടിയെ ചിരിപ്പിക്കാനായി പാഷോവ് തന്റെ പാഴു്കാല്‍ തോക്കാക്കുന്ന രംഗം യുദ്ധത്തിന്റെ താക്കീതായി നമുക്കനുഭവപ്പെടും. ഈ ചിത്രത്തില്‍ വികലാംഗരായി കാണപ്പെടുന്ന ഓരോ കുട്ടിയുടെയും ആത്മബലം അത്ഭുതാവഹമാണു്.

ഒരു ദുരന്തരംഗത്തോടെയാണു് സിനിമ അവസാനിക്കുന്നതു്. ആ പിഞ്ചു ബാലനെ കല്ലു കെട്ടി അഗ്രിന്‍ ചുവന്ന മീനുകളുടെ പുഴയില്‍ താഴ്ത്തുന്നു. സ്വപ്നത്തിലെന്ന പോലെ ഇതു മനസ്സിലാക്കുന്ന ഹംഗോവ് കാണുന്നതു് പുഴക്കരയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന സാറ്റലൈറ്റിനെയാണു്. അപ്പോഴാണു് ആരംഭത്തിലെ അഗ്രിന്റെ ആത്മഹത്യയുടെ അര്‍ത്ഥം നാം മനസ്സിലാക്കുന്നതു്. കൈകളില്ലാത്ത ഹംഗോവ് കരഞ്ഞുകൊണ്ടു് അവളുടെ നീലച്ചെരുപ്പുകള്‍ കടിച്ചെടുക്കുമ്പോള്‍ നമ്മുടെ ഉള്ളം ഉലഞ്ഞുപോകുന്നു.

വഴിയോരത്തു് പൊയ്ക്കാലുകളിലൂന്നി നില്‍ക്കുന്ന പാഷോവിലും സാറ്റലൈറ്റിലുമാണു് സിനിമ അവസാനിക്കുന്നതു്. അമേരിക്കന്‍ സേനയോടു് പുറംതിരിഞ്ഞു നില്‍ക്കുന്ന സാറ്റലൈറ്റിനോടു്, നീയെന്നും അമേരിക്കക്കാരെ കാണാന്‍ ആഗ്രഹിച്ചിരുന്നില്ലേ എന്നു് പാഷോവ് ചോദിക്കുന്നിടത്തു് കാഴ്ചയുടെ ഈ വിസ്മയം അവസാനിക്കുകയാണു്. ലോകം ഇയാളുടെ കൈയിലാണെന്നു പറഞ്ഞു് ബുഷിനെ അഭിനന്ദിക്കുമ്പോഴും സാന്‍ഫ്രാന്‍സിസ്കോയും മുറിയിംഗ്ലീഷും പറഞ്ഞു് ആളാവുമ്പോഴുമുള്ള സാറ്റലൈറ്റിനെയല്ല നാമിവിടെ കാണുന്നതു്. ക്രൂരതയ്ക്കു നേരേ പിന്തിരിഞ്ഞു നില്‍ക്കയാണവന്‍!

ഈ ചിത്രം ആദ്യവസാനം ഒട്ടനവധി ചോദ്യശരങ്ങള്‍ മനസ്സില്‍ കുത്തിനിറയ്ക്കുന്നു. ലോകമനസ്സാക്ഷിക്കു നേരേയുള്ള കൂരമ്പുകളാണവ!യുദ്ധം എത്ര വലിയ ദുരന്തമാണെന്നു് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനസ്സിന്റെ തടവറകളില്‍ യുദ്ധം നമ്മെ കീഴ്പ്പെടുത്തുന്നു. വീണുപോയ സദ്ദാം പ്രതിമയുടെ കൈ കൂട്ടുകാരനു സമ്മാനിക്കുന്ന കുട്ടി, സ്നേഹത്തിന്റെ സന്ദേശം പരത്തുന്നു. ഏറ്റവും ചെറിയവനായ ആ അന്ധബാലന്‍ മനസ്സില്‍ ഒരു മുറിവായി അവശേഷിക്കുന്നു.

ഭാഷയുടെയും സംസ്കാരത്തിന്റെയും കടമ്പകളെ മറികടന്നു് മനുഷ്യരാശിയോടു് നേരിട്ടു സംവദിക്കാന്‍ ഈ ചിത്രത്തിനു കഴിയുന്നു. ദേശകാലങ്ങളെ അടയാളപ്പെടുത്തുന്ന ഈ ചലച്ചിത്രത്തെ സ്നേഹിക്കാത്തവര്‍ മനുഷ്യരല്ല എന്നു പറയേണ്ടിവരും!..

                                    * * * * * * * * * * * *

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ഫിലിംവേദിഫിലിംവേദിയില്‍ ഇന്നു് (1.10.2011) 
 പ്രശസ്ത ഹിന്ദി സിനിമ - താരെ സമീന്‍ പര്‍ (നക്ഷത്രങ്ങള്‍ ഭൂമിയില്‍)
 അമീര്‍ഖാന്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം 
 വിദ്യാഭ്യാസരംഗത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

 ഒരു കുട്ടിയും മോശക്കാരനല്ല എന്നും എല്ലാവര്‍ക്കും അവരവരുടേതായ 
 ബുദ്ധിപരമായ കഴിവുകള്‍ ഉണ്ടെന്നുമുള്ള ആധുനികവിദ്യാഭ്യാസശാസ്ത്രത്തിന്റെ 
 വ്യാഖ്യാനമാണു് ഈ സിനിമ.

 വിദ്യാര്‍ത്ഥി, അദ്ധ്യാപകന്‍, രക്ഷാകര്‍ത്താവ് എന്നീ മൂന്നു് ഘടകങ്ങള്‍ 
 വിദ്യാഭ്യാസമെന്ന പ്രക്രിയയില്‍ എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും 
 ഈ സിനിമ വിവരിക്കുന്നു.