രണ്ടാം സ്ഥാനം
വിദ്യാരംഗം വായനാദിനത്തോടനുബന്ധിച്ചു നടത്തിയ കഥാരചനയില്‍
(ഹൈസ്കൂള്‍ വിഭാഗം) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കഥ
ശ്രീയുടെ സംഗീതം ഗീത്
അശ്വതി ശിവദാസ് (10 B)
"ശ്രീ..."
തന്നെ ആരോ വിളിച്ചതായി അവള്‍ക്കു തോന്നി.
ഇല്ല, ആരും വിളിച്ചില്ല. അല്ലെങ്കില്‍തന്നെ ആരാണ് തന്നെ വിളിക്കാന്‍?
ശരിക്കും എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചത്? അല്ല, എന്താണ്
ജീവിതം? എന്താണീ ജീവിതത്തിന്റെ അര്‍ത്ഥം? ഇനിയും മനസ്സിലായിട്ടില്ല.
"ശ്രീ" ഇത്തവണ തന്നെ ആരോ വിളിച്ചു. അവള്‍ സാവകാശം തിരിഞ്ഞു
നോക്കി. ഓ ഗീതാണ് !..
“വേണ്ട, എന്നോട് മിണ്ടണ്ട-”
“അതെന്താ?”
“ഇന്നലെയെന്താ വരാതിരുന്നത് ?”
“അത്...അത്, ഞാന്‍ വീട്ടില്‍ പോയിരുന്നതുകൊണ്ടല്ലേ?”
“ആണോ?-” ശ്രീക്ക് സംശയമായി.
“ഗീതിന്റെ വീട്ടില്‍ ആരോക്കെയുണ്ട്?” ശ്രീ കൗതുകത്തോടെ ചോദിച്ചു.
“അമ്മ, അച്ഛന്‍, അനിയന്‍ -” ഗീത് പറഞ്ഞു.
“അവരൊക്കെ-” ശ്രീക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കണ്ണു നിറഞ്ഞു.
ഗീത് എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ വിഷമിച്ചു.
അവിടെ നിന്നാല്‍ ഒരു പക്ഷേ താനും കരഞ്ഞുപോകും. ഗാത് വെളിയിലേ ക്കിറങ്ങി. വരാന്തയിലൂടെ നടക്കുമ്പോള്‍ അവളോര്‍ത്തു, വേണ്ടിയിരുന്നില്ല.
കള്ളം പറയേണ്ടിയിരുന്നില്ല. പാവം ശ്രീ. നടക്കുമ്പോഴും ശ്രീയുടെ മുഖം
മനസ്സില്‍ തെളിഞ്ഞു വരികയാണ്.
മുഖം കുനിച്ച് പുരികവും കണ്ണുകളും ഉയര്‍ത്തിയുള്ള ശ്രീയുടെ നോട്ടം
പലപ്പോഴും തന്റെ ഹൃദയത്തിലാണ് വന്നു പതിക്കാറുള്ളത്.
സുന്ദരിയാണവള്‍. അവള്‍ക്ക് ഭ്രാന്തുണ്ടോ? ചിലപ്പോളൊക്കെ അവള്‍
അഭിനയിക്കുകയല്ലേ? എത്രയോ പേരെ ചികിത്സിച്ചിരിക്കുന്നു.
ആരോടും ഇത്രയ്ക്കടുപ്പം തോന്നിയിട്ടില്ല. മറ്റാര്‍ക്കും ഇത്ര സ്വാതന്ത്ര്യം
കൊടുത്തിട്ടുമില്ല. അത്രയ്ക്കു് പ്രിയപ്പെട്ടവളാണ് ഗീതിന് ശ്രീ.
ശ്രീക്കു് പ്രത്യേകം മുറിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതു്. ആ മുറിയില്‍
നഴ്സുമാര്‍ കയറുന്നതുപോലും ശ്രീക്കിഷ്ടമല്ല.
ഒരുപറ്റം ചെകുത്താന്മാരുടെ പീഡനത്തിനിരയായ പെണ്‍കുട്ടി!
പാവമൊരു നമ്പൂതിരിക്കുട്ടി. ഇല്ലത്തെ ഏക പെണ്‍കുട്ടി. ശ്രീക്ക് അഞ്ചു
വയസ്സുള്ള ഒരനിയനുണ്ടായിരുന്നു. അച്ഛന്‍ വക്കീലായിരുന്നു.
എന്തു നല്ല രീതിയില്‍ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു...
അവസാനമായി അച്ഛന്‍ വാദിച്ച കേസിലെ പ്രതികള്‍ ആ വീട്
ആക്രമിക്കുകയായിരുന്നു. എപ്പോഴോ ബോധം വന്നപ്പോള്‍
ചോരയില്‍ കുളിച്ചു കിടക്കുന്ന അച്ഛനമ്മമാരെയും അനുജനെയുമാണ്
ശ്രീ കണ്ടത്. അവള്‍ തികച്ചും അനാഥയായി. മനസ്സിന്റെ നില തകര്‍ന്ന
അവളെ ആരൊക്കെയോ ഇവിടെ എത്തിക്കുകയായിരുന്നു.
പണ്ടത്തെ കഥകള്‍ ചിലതൊക്കെ അവള്‍ക്കോര്‍മ്മയുണ്ട്.
കൂട്ടുകാരെക്കുറിച്ചും മറ്റും അവള്‍ സംസാരിക്കുമ്പോള്‍ ഗീത് വളരെ
ശ്രദ്ധിക്കുമായിരുന്നു. എന്തെങ്കിലും പിടിവള്ളി കിട്ടാതിരിക്കില്ല.
പലപ്പോഴും അവള്‍ ഒരു ചെറുപ്പക്കാരന്റെ പേര് എടുത്തു പറയുമായിരുന്നു.
സച്ചു! ശരിക്കും അയാളുടെ പേര് സച്ചുവെന്നല്ല.
ശ്രീ അങ്ങനെയാണവനെ വിളിച്ചിരുന്നത്. നിലാവിന്റെ പുഞ്ചിരിയും
കവിളത്തെ നുണക്കുഴിയും അയാള്‍ക്കുള്ള ആകര്‍ഷണമാണെന്ന്
ശ്രീയെപ്പോഴും പറയുമായിരുന്നു.
ഒരിക്കല്‍ രണ്ടും കല്‍പ്പിച്ച് ഗീത് അവളോട് ചോദിച്ചു, ആരാണ് സച്ചു?
അതിന്റെ മറുപടി അവളുടെ മുഖത്തെ തുടുത്ത വര്‍ണമായിരുന്നു.
ഗീതിന്റെ അടുത്ത ലക്ഷ്യം അതായിരുന്നു. സച്ചുവിനെ എത്രയും വേഗം
കണ്ടു പിടിക്കുക. ശ്രീയെ അയാളെ ഏല്‍പ്പിക്കുക.
കഴിഞ്ഞ കാര്യങ്ങള്‍ മറക്കാന്‍ അപേക്ഷിക്കുക. പക്ഷേ-?
ഒരു ബ്ലഡ് ക്യാന്‍സര്‍ രോഗിയായ തനിക്കിനിയെത്ര നാള്‍!
ശ്രീയെ സമാധാനിപ്പിക്കാന്‍ പറഞ്ഞ കള്ളക്കഥയാണ് നാടും വീടും
ഉറ്റവരുമൊക്കെ. താന്‍ വളര്‍ന്നത് അനാഥാലയത്തിലാണ്.
ഈ കുടുംബം താന്‍ സ്വപ്നത്തില്‍ മെനഞ്ഞവയാണ്.
ഇപ്പോള്‍ തനിക്കാകെയുള്ള ബന്ധുവാണ് ശ്രീ.
ഇപ്പോളുള്ള ഏക പ്രാര്‍ഥന തന്റെ ആയുസ്സ് അല്‍പം നീട്ടിക്കിട്ടണേ
എന്നതു മാത്രമാണ്. ജീവിതത്തോട് വല്ലാത്തോരാര്‍ത്തി.
“ഡോക്ടര്‍"
ഗീത് തിരിഞ്ഞു നിന്നു. നിറഞ്ഞ കണ്ണുകള്‍ ധൃതിയില്‍ തുടച്ചു.
“ഡോക്ടര്‍, ശ്രീ വിളിക്കുന്നു. അവള്‍ക്ക് വലിയ മാറ്റമുണ്ട്.
റൂമില്‍ കയറിയ എന്നോട് ഒട്ടും ദേഷ്യപ്പെട്ടില്ല.നല്ല പ്രസരിപ്പുണ്ട്.”
നഴ്സ് പറഞ്ഞു.
അളവറ്റ സന്തോഷത്തോടെ ഗീത് ശ്രീയുടെ മുറിയിലേക്കു നടന്നു.
“ശ്രീ...” സന്തോഷം കൊണ്ട് ഗീതിന്റെ കണ്ഠമിടറി.
“ഗീത്, ഞാനൊരു കാര്യം പറയാനാ വിളിച്ചേ...” ശ്രീയുടെ മുഖത്ത്
പുഞ്ചിരിയുടെ തിളക്കം.
ഒരാലിംഗനത്തില്‍ ഇരു ഹൃദയങ്ങള്‍ ഒന്നാവുകയായിരുന്നു.
“എന്താ, നീ പറഞ്ഞോളൂ. ഞാന്‍ കേള്‍ക്കാം...” ഗീത് ശ്രീയുടെ ചെവിയില്‍
മന്ത്രിച്ചു.
“എനിക്ക് സത്യത്തില്‍ ഒരസുഖവുമില്ല. ആദ്യമൊക്കെ ആ സംഭവത്തിന്റെ
ഷോക്കായിരുന്നു. പിന്നെ ഞാനൊരു ഭ്രാന്തിയാണെന്ന്
വരുത്തിത്തിര്‍ക്കുകയായിരുന്നു. ഞാനെന്നെത്തന്നെ വെറുത്തു. ഗീത്,
തന്നെ കിട്ടിയപ്പോള്‍ എന്റെ ജീവിതം തിരിച്ചു കിട്ടിയതുപോലെ.
എനിക്കിന്നു വലിയ സന്തോഷം തോന്നുന്നു. താനെപ്പോഴും പറയാറില്ലേ
എന്റെ അസുഖം മാറിയിട്ട് നമുക്കൊരുമിച്ച് മഴ നനയാമെന്ന്. വാ, നമുക്ക്
പുറത്തുപോകാം. പുറത്തു നല്ല മഴയുണ്ട്. വാ ഗീത്, നമുക്കു മഴ നനയാം...
ഇനി ഞാന്‍ എന്റെ സച്ചൂനെക്കുറിച്ചു കൂടുതല്‍ പറയാം.
എനിക്കൊരുപാടു കാര്യങ്ങള്‍ തന്നോടു പറയാനുണ്ട്.”
ശ്രീ വലിയ ആവേശത്തിലായിരുന്നു. പക്ഷേ ഗീത് അതു കേള്‍ക്കു
ന്നുണ്ടായിരുന്നില്ല.
“ഗീത്-” ശ്രീ തെല്ലൊരു ഭയത്തോടെ വിളിച്ചു.
ഗീത് വിളി കേട്ടില്ല. പേടിയോടെ ശ്രീ ഗീതില്‍ നിന്നകന്നു മാറി.
ഗീത് താഴേക്ക് ഊര്‍ന്നുവീണു.
ശ്രീക്ക് തല ചുറ്റുന്നതു പോലെ തോന്നി.
അനുജന്റെയും അമ്മയുടെയുമൊക്കെ ചോരയില്‍ കുളിച്ച ശരീരം
അവളുടെ കണ്മുന്നില്‍ തെളിഞ്ഞുവന്നു. അവള്‍ അലറിക്കരഞ്ഞു!..
നാളുകള്‍ക്കുശേഷം-
“ഗീത്...ഗീത്...എന്താ വരാത്തത്....പുറത്ത് നല്ല മഴയുണ്ട്.
എന്റെ അസുഖം മാറിയല്ലോ...”
ശ്രീയുടെ മുറിയില്‍ ആരും വരാതെയായി.
ആ ഇരുണ്ട മുറിയില്‍ നിന്നും നേര്‍ത്ത ശബ്ദത്തില്‍ അപ്പോഴും
കേള്‍ക്കാമായിരുന്നു-
“അന്നും ഉറ്റവള്‍ നീ തന്നെയാകും...
അന്നും മുറ്റത്ത് പൂമഴയാകും...”
************************
വിദ്യാരംഗം കലാസാഹിത്യ വേദി വായനാദിനത്തോടനുബന്ധിച്ചു നടത്തിയ
ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രചന
ജീവന്റെ താളുകളെ വായിച്ചറിയുക
പണ്ടു് ഈ മണ്ണിന്റെ മാറിലൂടെ ഒരു മനുഷ്യന്‍ നടന്നിരുന്നു, അദ്ദേഹത്തിന്റെ മൂന്നു് ആവശ്യങ്ങളെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു്.
അവ ഇതായിരുന്നു- പുസ്തകങ്ങള്‍, പുസ്തകങ്ങള്‍, പുസ്തകങ്ങള്‍!
ലിയോ ടോള്‍സ്റ്റോയി എന്ന വൃദ്ധനെ അന്നും ഇന്നും ലോകം ഓര്‍ക്കുന്നു, പുസ്തകങ്ങളുടെ പ്രിയപ്പെട്ടവനായി. ഒപ്പം പുസ്തകങ്ങളെ സ്നേഹിച്ച,
അറിവിലൂടെ തമസ്സിനെ കീഴ്പ്പെടുത്തിയ ഒട്ടേറെ മഹാത്മാക്കളെ.
വായനയിലൂടെ ലോകം കീഴ്പ്പെടുത്തിയ ജ്ഞാനികള്‍!
അറിവുനേടുക എന്നതാണു് വായപുറം നയുടെ പ്രഥമോദ്ദേശ്യമായി
ഇന്നും ലോകം കണക്കാക്കുന്നതു്. എന്നാല്‍ അതിനുമപ്പുറം ഒരു മനുഷ്യനെ, മനുഷ്യത്വത്തെ രൂപപ്പെടുത്തുകയാണു് വായന എന്ന പ്രവൃത്തി. വായിച്ചാസ്വദിക്കുക എന്നതു് ഒരു കലതന്നെയാണു്. അതിലൂടെ എന്തിനെയും
മനസ്സിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്താന്‍ നമുക്കു കഴിയും. അറിവിന്റെ
ഉഗ്രാവസ്ഥയില്‍ മനസ്സിന്റെ ചട്ടക്കൂടു് ഭേദിച്ചു് നമ്മള്‍ സ്വയം സ്വതന്ത്രരാവുന്ന
ഭ്രാന്തെന്ന അവസ്ഥപോലും എത്ര ശ്രേഷ്ഠമാണു്!
ലോകം സാഹിത്യത്തെ അറിഞ്ഞതു മുതല്‍, അറിവിനെ
തിരിച്ചറിഞ്ഞതു മുതല്‍ വായനയുമുണ്ടു്. നമ്മുടെ അറിവിനെ പകരാനും
സൂക്ഷിക്കാനുമൊക്കെയാണല്ലോ ഭാഷതന്നെ രൂപപ്പെട്ടതു്. വായിച്ചറിയുക
എന്നതു് തൊട്ടറിയുക എന്നപോലെ ഹൃദ്യമാണു്. കാലത്തിന്റെ കണക്കു കൂട്ടലുകള്‍ക്കിടയില്‍ വായന മായ്ചുകളയപ്പെടുന്നതു ശരിയാണോ
എന്നു് ആരും ചോദിച്ചുപോകും. കേരളത്തെപ്പോലെ ആധുനികതയുടെ
ഉന്മത്താവസ്ഥയിലുദിച്ചുനില്‍ക്കുന്ന ഒരു നാടിനെ തന്നെ ഉദാഹരണമായി
ഉയര്‍ത്തിക്കാട്ടാവുന്നതാണു്.
പി.എന്‍.പണിക്കര്‍ എന്ന പുതുവായില്‍ നാരായണപ്പണിക്കര്‍
നമ്മുടെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജീവനായിരുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്കു് തിരിച്ചുവിട്ട മഹാന്‍.
സ്വന്തം ജന്മനാട്ടില്‍ വീടുകള്‍ തോറും നടന്നു പുസ്തകങ്ങള്‍ ശേഖരിച്ചുണ്ടാക്കിയ
'സനാതനധര്‍മം' എന്ന ഗ്രന്ഥശാല അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ
മികവുറ്റ പ്രതീകമാണു്. കേരളത്തില്‍ ഗ്രന്ഥശാലകളില്ലാത്ത ഒരു ഗ്രാമവുമുണ്ടാകരുതെന്നു് അദ്ദേഹം ആഗ്രഹിച്ചു. ആ ചിതയില്‍ നിന്നു
കൊളുത്തിയ പന്തത്തിന്റെ വെളിച്ചത്തില്‍ ഇന്നും ജൂണ്‍ പത്തൊമ്പതാം
തീയതി നമ്മള്‍ വായനാദിനം ആചരിക്കുന്നു.
വായിച്ചു വളരാന്‍ പഠിപ്പിച്ച ഇത്തരം മഹാന്മാരുടെ നാട്ടില്‍ ഇന്നും
വായനയുണ്ടു്. പക്ഷേ, അവയില്‍ കാലം കരി തേച്ചിരിക്കുന്നു. ആധുനിക
യുഗത്തിന്റെ സന്തതികളായ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒരു
മൗസ് ക്ലിക്കിനുള്ളില്‍ നൂറു പുസ്തകങ്ങളിലെ വിവരങ്ങള്‍ നമുക്കു നേടിത്തരുന്നു.
കാലം ഇന്നു് നമുക്കു് വളരെക്കുറച്ചു ജീവിതം വിധിച്ചിരിക്കുന്നതിനിടയില്‍ നാം
വായിച്ചു തീര്‍ക്കുന്നതു് സ്ക്രീനിലെ ഏതാനും വരികള്‍ മാത്രം. എന്നാല്‍ ഇന്നും
ഗ്രന്ഥശാലകളുണ്ടു്. പണ്ടുള്ളതിനേക്കാള്‍ മോടിയില്‍. കൂടുതല്‍ സൗകര്യത്തോടെ.
പക്ഷേ അവയില്‍ എത്ര പുസ്തകങ്ങളെ മനുഷ്യര്‍ തൊട്ടു എന്നു് ഖേദത്തോടെ
വിരലിലെണ്ണാം.
ഇന്നു വീടുകളിലെ അലങ്കാരത്തിനായി കുത്തിനിറയ്ക്കപ്പെടുന്നു തടിയന്‍
പുസ്തകങ്ങള്‍. അവയിലെ പുറംചട്ടകള്‍ മാത്രമാണു് മനുഷ്യന്റെ കണ്ണില്‍
പെടുന്നതു്. ഉള്ളിലെ വിസ്തൃതമായ ലോകം ഇന്നും അജ്ഞതയുടെ നിഴലിലാണു്.
പിഞ്ചു പൈതങ്ങള്‍ക്കു വേണ്ടി ആധുനിക യുഗത്തിലെ മാതാപിതാക്കള്‍
പുസ്തകങ്ങള്‍ വാങ്ങി മത്സരിക്കുന്നു. എന്നാല്‍ ഇത്തരം പ്രവൃത്തികളിലൂടെ
കുട്ടികള്‍ പുസ്തകങ്ങളുടെ ലോകത്തെത്തന്നെ വെറുത്തുപോകുന്നുണ്ടു്. സ്നേഹത്തോടെ, കഥകളിലൂടെ കുട്ടികളെ പുസ്തകങ്ങള്‍ ആകര്‍ഷിക്കുന്നില്ല.
പകരം സര്‍വ്വവിജ്ഞാനകോശങ്ങളുടെ രൂപത്തില്‍ തലച്ചോറില്‍
കുടിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വായനയിലൂടെയുള്ള
മനസ്സുഖം അവര്‍ക്കു് നിഷേധിക്കപ്പെടുന്നു.
ആശ്വാസം പകരാന്‍ വിദ്യാലയങ്ങളിലെ വായനമുറികള്‍ ഒപ്പമുണ്ടു്.
ഏതും തിരഞ്ഞെടുക്കാനുള്ള അവസരം അവിടെ കുട്ടികളെ കാത്തിരിക്കുന്നു.
അതേപോലെ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഗ്രാമാന്തരീക്ഷത്തിലെ ചില
വായനാമുറികള്‍! അവിടെ നിന്നാണല്ലോ പണ്ടും ശാന്തതയുടെയും സ്നേഹത്തിന്റെയും കൂട്ടുകാരായ സാഹിത്യകാരന്മാര്‍ ഉരുത്തിരിഞ്ഞതു്.
വായിച്ചില്ലെങ്കില്‍ വളയുമെന്നു് സ്വയം മനസ്സിലാക്കിയിട്ടും ഇന്നും നാം
അല്പന്മാരായി തുടരുന്നു. ഇന്റര്‍നെറ്റ് നോക്കി പഠിച്ചു എന്നു പറയുന്ന ഓരോ
മനുഷ്യന്റെയും ഉള്ളില്‍ ആ അല്പത്ത്വം തന്നെയാണുള്ളതു്.
ഇന്നും "വായിക്കൂ" എന്നുറക്കെ പ്രഖ്യാപിക്കാന്‍ ആളുണ്ടു്.
വായിക്കാനാളില്ലെന്നു മാത്രം. എന്നാല്‍ വായിക്കാത്തവരില്ല എന്നു പറയാനും
വയ്യ. പക്ഷേ തുലാസിലെ കട്ട എന്നും വായിക്കാത്തവനൊപ്പം താഴ്ന്നു തന്നെ
നില്‍ക്കുന്നു. വായനാദിനത്തിലെ ഉദ്ഘോഷണങ്ങള്‍ മാത്രം മതിയാവില്ലെന്നു സാരം.
വളരെ പേടിച്ചു് പുസ്തകങ്ങള്‍ തുറക്കാനും വായിക്കാനും അല്ല പഠിക്കേണ്ടതു്.
നേടേണ്ടതു വായിച്ചു നേടുക തന്നെ വേണം. ഒപ്പം മറ്റുള്ളവരിലേക്കവയെ എത്തിക്കാനും, വായിക്കുവാന്‍ പ്രചോദനമാകുവാനും കഴിയണം. തലമുറകളിലേക്കു് ആ ശീലം കൈമാറുക. വാക്കുകളോടു് സ്നേഹമുണ്ടാകുമ്പോള്‍
വാക്യങ്ങളോടു പ്രണയമുണ്ടായിക്കൊള്ളും. അതിലൂടെ പുസ്തകങ്ങളോടുള്ള ആത്മബന്ധം തീവ്രമാകും. കീബോഡിനോടുള്ള പ്രണയത്തെയല്ല, അക്ഷരങ്ങളോടുള്ള പ്രണയത്തെയാണു് പരിശുദ്ധമെന്നു വാഴ്ത്തേണ്ടതു്.
മരണമില്ലാത്ത നമ്മുടെ പുസ്തകങ്ങളെ അലമാരി എന്ന ശവക്കൂട്ടില്‍
അടയ്ക്കരുതു്. പകരം ഹൃദയത്തിലെ രക്തവും കണ്ണിന്റെ തേജസും ഒരു
ജീവനും നല്‍കണം!..
*************************